ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 1. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍
ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകമാണ് റെസിസ്റ്റര്‍ എന്നു പറയാം. വൈദ്യുതിയുടെ ഒഴുക്കിന് തടസ്സം (പ്രതിരോധം) ഉണ്ടാക്കാനാണ് റെസിസ്റ്റര്‍ പൊതുവായി ഉപയോഗിച്ച് വരുന്നത്. റെസിസ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റെസിസ്റ്ററിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിക്കാനുള്ള എളുപ്പ വഴിയാണു് റെസിസ്റ്റര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറിയൊരു ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് തയ്യാറാക്കുകയെന്നത്. ശരി നമുക്കു തുടങ്ങാം.
ചുവന്ന നിറത്തില്‍ പ്രകാശിക്കുന്ന ഒരു എല്‍ .ഇ.ഡി (ലൈറ്റ് എമിറ്റിംഗ് ഡയോഡ്), 1.5 വോള്‍ട്ടിന്റെ രണ്ട് പെന്‍ലൈറ്റ് സെല്ലുകള്‍, ഒരു 150 ഓം അളവുള്ള കാര്‍ബണ്‍ റെസിസ്റ്റര്‍ (റെസിസ്റ്റന്‍സിന്റെ യൂണിറ്റാണ് ഓം) എന്നിവയാണ് നമുക്കാവശ്യമുള്ളത്. ചിത്രത്തില്‍ കാണുന്നത് പോലെ എല്‍.ഇ.ഡിയുടെ നീളം കൂടിയ കാല്‍ (ആനോഡ്) റെസിസ്റ്ററിലൂടെ, ശ്രേണിയാക്കപ്പെട്ട സെല്ലുകളുടെ പോസിറ്റീവ് ഭാഗത്തും എല്‍ .ഇ.ഡിയുടെ നീളം കുറഞ്ഞ കാല്‍ (കാഥോഡ്) നേരിട്ട് നെഗറ്റീവ് ഭാഗത്തും കൊടുക്കുന്നതോടെ എല്‍.ഇ.ഡി പ്രകാശിക്കുന്നതായി കാണാം. ഇവിടെ എന്തിനാണ് റെസിസ്റ്റര്‍ ഉപയോഗിച്ചത്? 150 ഓം അളവുള്ള റെസിസ്റ്റര്‍ ആണ് വേണ്ടതെന്ന് എങ്ങനെയാണ് കണ്ടുപിടുച്ചത്?
ചുവന്ന എല്‍ .ഇ.ഡി കത്തണമെങ്കില്‍ 1.6 വോള്‍ട്ട് വരുന്ന ഡിസി സപ്ലെ 10 മില്ലി ആമ്പിയര്‍ കറന്റ് അളവ് എന്ന മട്ടിലാണ് വേണ്ടത്. ഒരു പെന്‍ലൈറ്റ് സെല്‍ തരുന്നത് 1.5 വോള്‍ട്ട് ആയതിനാല്‍ അതുമാത്രം കൊണ്ട് കാര്യം നടക്കില്ല. അതിനാല്‍ രണ്ടെണ്ണം ശ്രേണിയാക്കിയെടുത്തു. പക്ഷേ ഇപ്പോള്‍ പുറത്തേക്കു വരുന്നത് 1.5 വോള്‍ട്ടിന്റെ ഇരട്ടിയായ 3 വോള്‍ട്ട് ആണ്. ഇതു നേരിട്ട് കൊടുത്താല്‍ എല്‍.ഇ.ഡി വേഗം തകരാറിലായേക്കാം. അതിനാല്‍ 3 വോള്‍ട്ടിനെ 10 മില്ലി ആമ്പിയര്‍ (0.01 ആമ്പിയര്‍) അളവുള്ള 1.6 വോള്‍ട്ടിലേക്കു മാറ്റാനായി സെല്ലുകള്‍ക്കും എല്‍ .ഇ.ഡി ക്കും ഇടയില്‍ ഒരു റെസിസ്റ്റര്‍ ഘടിപ്പിച്ചു.
ഈ റെസിസ്റ്ററിന് 150 ഓം എന്ന അളവു കിട്ടിയത് ഇങ്ങനെയാണ്.
(3 വോള്‍ട്ട് – 1.6 വോള്‍ട്ട് ) / 0.01 ആമ്പിയര്‍ = 140 ഓം.
[ഓംസ് നിയമപ്രകാരം, റെസിസ്റ്റൻസ് = വോൾട്ടേജ് / കറന്റ്]
കിട്ടിയത് 140 എന്ന അളവാണെങ്കിലും അങ്ങനൊരു റെസിസ്റ്റര്‍ വാങ്ങാന്‍ പ്രയാസമായതിനാല്‍ പൊതുവായി കിട്ടുന്നതും അതിനടുത്ത അളവുള്ളതുമായ 150 ഓം റെസിസ്റ്റര്‍ ഈയാവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ ഉയര്‍ന്ന വോള്‍ട്ടേജിലൊം കറന്റിലും ബന്ധിപ്പിച്ച് എന്നാല്‍ വളരെ സുരക്ഷിതമായി എല്‍ .ഇ.ഡിയെ പ്രവര്‍ത്തിപ്പിക്കാന്‍ റെസിസ്റ്റര്‍ (അതിന്റെ പ്രതിരോധ സ്വഭാവം) നല്ല സഹായം ചെയ്തു!

ഇവിടെ റെസിസ്റ്ററില്‍ 150 ഓം എന്നതിനു പകരം നാല് നിറങ്ങളിലുള്ള വരകളാണല്ലോ കാണുന്നത്? റെസിസ്റ്ററുകളില്‍ മിക്കപ്പോഴും അതിന്റെ അളവ് ഈ മട്ടില്‍ കളര്‍ ബാന്‍ഡുകള്‍ കൊണ്ടാണ് സൂചിപ്പിക്കാറുള്ളത്. ഇതില്‍ ആദ്യത്തെ മൂന്ന് വരകള്‍ അതിന്റെ റെസിസ്റ്റന്‍സ് അളവിനേയും നാലാമത്തേത് അതിന്റെ ടോളറന്‍സ് അളവിനേയും ആണ് കാട്ടുന്നത്. നിറങ്ങളെ അളവുകളാക്കാന്‍ സഹായിക്കുന്ന പട്ടിക ശ്രദ്ധിക്കുക. ടോളറന്‍സ് അളവിന്റെ കാര്യം ഇപ്പോള്‍ ശ്രദ്ധിക്കണമെന്നില്ല.
ഇവിടെ ബ്രൌണ്‍-പച്ച-ബ്രൌണ്‍ എന്നിങ്ങനെയാണ് നിറങ്ങള്‍ എന്നതിനാല്‍ റെസിസ്റ്ററിന്റെ അളവ് നോക്കിയാല്‍
അതായത് “ഒന്ന് – അഞ്ച് – ഒരു പൂജ്യം” = 150 ഓം!
(അടുത്ത ഭാഗത്തില്‍ അളവു മാറ്റുന്ന റെസിസ്റ്ററുമായി പരിചയപ്പെടാം)






സാറിന്റെ വാട്സപ്പ് നമ്പറ് കിട്ടിയാൽ സംഷശയങ്ങൾ തീർക്ക്മായിരുന്നു.ഒന്ന് സഹകരിക്കുമോ..
വാട്സപ്പ് നമ്പർ 8157997985
Elactronic & serves full malayalathil padikan thalpariamund