തൊലി കളയാതെ പഴം മുറിക്കാമോ?
അതിഥികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ഇതാ. അതിഥി വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു പഴം കഴിക്കാന്‍ കൊടുക്കുന്നു. അദ്ദേഹം അതു പൊളിച്ചു നോക്കുമ്പോള്‍ അത്ഭുതപ്പെടുന്നു. പഴം ഉള്ളില്‍ കഷണങ്ങളായി ഇരിക്കുന്നു!
ഇനി ഇത് എങ്ങനെ സാധിച്ചു എന്നു പരിശോധിക്കാം.
ആവശ്യമായ സാധനങ്ങള്‍
1. സൂചിയും നൂലും
2. ഒരു പഴം

ചിത്രത്തില്‍ കാണുന്നതു പോലെ പഴത്തിന്റെ തൊലിയിലേക്കു സൂചിയും നൂലും കയറ്റി കുറച്ചു മാറ്റി പുറത്തെടുക്കുക. അതേ ദ്വാരത്തിലൂടെ സൂചി വീണ്ടും കയറ്റി, മറ്റൊരു ദ്വാരത്തിലൂടെ പുറത്തെടുക്കുക. ആദ്യം സൂചി കയറ്റിയ അതേ ദ്വാരത്തില്‍ അവസാനം എത്തുന്നതു വരെ ഇങ്ങനെ പഴത്തിനു ചുറ്റും വൃത്താകൃതിയില്‍ സൂചിയും നൂലും കയറ്റി ഇറക്കുക.

ഇപ്പോള്‍ നൂലിന്റെ രണ്ട് അഗ്രങ്ങളും ഒരേ ദ്വാരത്തിനു വെളിയില്‍ ആയിക്കഴിഞ്ഞു. ഇപ്പോള്‍ സൂക്ഷിച്ച് നൂലിന്റെ രണ്ട് അഗ്രങ്ങളും ചേര്‍ത്ത് സാവധാനം വലിക്കുക. പഴം അകത്ത് മുറിഞ്ഞു കഴിഞ്ഞു. എന്നാല്‍ പുറമേ ഒന്നും കാണാനും ഇല്ല. പഴം പല പല കഷണങ്ങളാക്കാന്‍ ഈ പ്രക്രിയ പഴത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുക.
എങ്ങനെയുണ്ട് സൂത്രം?