Home ശാസ്ത്രം ശാസ്ത്ര പരീക്ഷണങ്ങള്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?

ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ – പൊങ്ങിക്കിടക്കും.

സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.

ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍….. തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം…..

1 reply to this post
  1. A very good & interesting work.Thank you uncle.
    I am Anand Ritty Jojan .My school:
    SJHSS KARIMANNOOR
    CLASS : 6

Leave a Reply

17 − one =