ഇൻഫ്രാറെഡ് എന്ന ചൂടൻ മാന്ത്രികൻ!
എങ്ങനെയാണ് ടിവിയുടെ റിമോട്ട് ടിവിയോട് സംവദിക്കുന്നതെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? ഇൻഫ്രാറെഡ് എന്ന അദൃശ്യരശ്മിവഴിയാണ് അത് സാധ്യമാകുന്നത്.
ദൃശ്യപ്രകാശം വയലെറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങൾ ചേർന്നതാണെന്ന് അറിയാമല്ലോ. ഇതിൽ ചുവപ്പിനേക്കാൾ ആവൃത്തി കുറഞ്ഞ തരംഗങ്ങളാണ് ഇൻഫ്രാറെഡ്. ഇൻഫ്രാ എന്നാൽ താഴെ എന്നർത്ഥം!
യുറാനസ് എന്ന ഗ്രഹത്തെ കണ്ടെത്തിയ പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ വില്യം ഹെർഷൽ ആണ് ഇൻഫ്രാറെഡ് കണ്ടെത്തിയത്.
1800 ലാണ് സംഭവം. ന്യൂട്ടൺ പ്രിസം ഉപയോഗിച്ച് ധവളപ്രകാശത്തെ അതിന്റെ ഏഴ് ഘടകങ്ങളായി തിരിച്ചതിനെ പറ്റി കൂട്ടുകാർക്കറിയാമല്ലോ? ഹെർഷലും അപ്രകാരം പ്രിസമുപയോഗിച്ച് പ്രകാശത്തെ ഘടകങ്ങളായി തിരിച്ചു. എന്നിട്ട് ഏഴ് നിറങ്ങളിലും (വയലെറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്) ഓരോ തെർമോമീറ്റർ വച്ച് അവയുടെ ഊഷ്മാവ് അളന്ന് നോക്കി. ഏറ്റവും കൂടുതൽ ചൂട് ചുവപ്പിലാണെന്ന് അങ്ങനെ അദ്ദേഹത്തിന് മനസ്സിലായി. വർണ്ണരാജിയിലെ ചുവപ്പിനപ്പുറം കുറച്ച് മാറ്റി മറ്റൊരു തെർമോമീറ്റർ വച്ച് വെറുതെ ഒന്ന് ഊഷ്മാവ് അളന്ന് നോക്കിയാലോ? അദ്ദേഹം അതു ചെയ്തു – അത്ഭുതം! അവിടെ ഊഷ്മാവ് ചുവപ്പിനേക്കാൾ കൂടുതൽ ആണ്. നമ്മുടെ കണ്ണുകൾക്ക് കൊണ്ട് കാണാൻ കഴിയാത്ത ദൃശ്യപ്രകാശത്തിനപ്പുറമുള്ള ഈ രശ്മിയാണ് ഇൻഫ്രാറെഡ്.
[പേശി വേദന അകറ്റാനും ഇൻഫ്രാറെഡ് ഉപയോഗിക്കാം.]
ഈ ചൂടൻ രശ്മികളെ ചുറ്റിപറ്റി ഹെർഷൽ നിരവധി പരീക്ഷണങ്ങൾ നടത്തി നോക്കി. ദൃശ്യപ്രകാശത്തെ പോലെ തന്നെ ഈ രശ്മിയും കണ്ണാടികൊണ്ട് പ്രതിഫലിപ്പിക്കാമെന്നും ലെൻസ് കൊണ്ട് ഫോക്കസ് ചെയ്യിപ്പിക്കാമെന്നും അദ്ദേഹം കണ്ടെത്തി!
സൂര്യനിൽ നിന്നും അടുപ്പിൽ നിന്നും മാത്രമല്ല നാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗ്ലാസ്സ് തണുത്ത വെള്ളത്തിൽ നിന്ന് പോലും (നേരിയ തോതിലെങ്കിലും) ഇൻഫ്രാറെഡ് പുറപ്പെടുന്നുണ്ടെന്ന് പിന്നീട് ശാസ്ത്രകാരന്മാർ കണ്ടെത്തി.