Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 9. ട്രാന്‍സ്ഫോര്‍മറും പവര്‍സപ്ളെയും

ഏതൊരു ഇലക്ട്രോണിക്‌ സര്‍ക്യൂട്ടും രൂപകല്‍പ്പന നടത്തുമ്പോഴും നിര്‍മ്മിച്ചെടുത്ത്‌ പ്രവര്‍ത്തിപ്പിക്കുമ്പോഴും പിന്നീടത്‌ ഉപകരണരൂപത്തില്‍ സ്ഥിരമാക്കുമ്പോഴും എല്ലാം അതിണ്റ്റെ പ്രവര്‍ത്തനത്തിനുള്ള വൈദ്യുതോര്‍ജ്ജം കൂടി നല്‍കേണ്ടതുണ്ട്‌.ഇതിനായി എപ്പോഴും ബാറ്ററി ഉപയോഗിക്കുകയെന്നത്‌ പ്രായോഗികമല്ല.അതിനാലാണ്‌ വിവിധ വോള്‍ട്ടേജ്‌ ഔട്ട്പുട്ടുകള്‍ നല്‍കുന്ന പവര്‍സപ്ളെ സര്‍ക്യൂട്ടുകള്‍ ആവശ്യാനുസരണം തയ്യാറാക്കുന്നത്‌.ഇലക്ട്രിക്‌ സപ്ളെ ലൈനില്‍ നിന്നും കിട്ടുന്ന ആള്‍ട്ടര്‍നേറ്റിംഗ്‌ കറണ്റ്റ്‌ (ഇ.സി) ഉയര്‍ന്ന അളവിലായതിനാല്‍ അതിനെ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടിണ്റ്റെ പ്രവര്‍ത്തനത്തിനു വേണ്ട താഴ്ന്ന അളവിലുള്ള ഡയറക്ട്‌ കറണ്റ്റ്‌ (ഡി.സി) ആക്കി മാറ്റണമെങ്കില്‍ പവര്‍സപ്ളെ സര്‍ക്യൂട്ടില്‍ സ്റ്റെപ്‌-ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍ബന്ധമാണ്‌.ഈ സമയം നമുക്ക്‌ ട്രാന്‍സ്ഫോര്‍മര്‍ എന്ന ഘടകത്തെ പരിചയപ്പെടാം.

ഇന്‍ഡക്ടര്‍ എന്ന ഘടകം ഏറ്റവും ലളിതമായ ഭാഷയില്‍ പറയുമ്പോള്‍ വെറുമൊരു കമ്പിച്ചുരുള്‍ മാത്രമാണ്‌.വൈദ്യുതി കടന്നുപോകുമ്പോള്‍ ഒരു കാന്തികമണ്ഡലം സംജാതമാകുന്ന ഈ കമ്പിച്ചുരുള്‍ തയ്യാറാക്കുന്നത്‌ ഫോര്‍മര്‍ എന്ന വസ്തുവില്‍ വേണ്ട അളവിലുള്ള കമ്പി വേണ്ടത്ര ചുറ്റുകള്‍ ചുറ്റിയെടുത്താണ്‌.ഫോര്‍മറിനുള്ളില്‍ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുന്ന വസ്തുവാണ്‌ കോര്‍ എന്നറിയപ്പെടുന്നത്‌.

രണ്ട്‌ ഇന്‍ഡക്ടറുകള്‍ പ്രത്യേക രീതിയില്‍ കൂട്ടിച്ചേര്‍ത്താണ്‌ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാറുള്ളത്‌.അപ്പോള്‍ പ്രൈമറി,സെക്കണ്ടറി എന്നിങ്ങനെ രണ്ട്‌ കമ്പിച്ചുറ്റുകള്‍ (കോയിലുകള്‍) ഒരു ട്രാന്‍സ്ഫോര്‍മറില്‍ കാണാം. ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രൈമറി കോയിലിലേക്കാണ്‌ ഇന്‍പുട്ട്‌ സപ്ളെ നല്‍കുന്നത്‌.പരുവപ്പെടുത്തിയ സപ്ളെയെ സെക്കണ്ടറി കോയില്‍ നിന്നും പുറത്തേക്കെടുക്കുന്നു.ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രൈമറി-സെക്കണ്ടറി കോയിലുകള്‍ തയ്യാറാക്കാനുപയോഗിക്കുന്ന കവചിത ചെമ്പുകമ്പി (ഇനാമല്‍ഡ്‌ കോപ്പര്‍ വയര്‍) യുടെ കനം (ഗേജ്‌),ചുറ്റനുപാതം (ടേണ്‍സ്‌ റേഷ്യോ) എന്നിവയില്‍ വ്യത്യാസം വരുത്തിയാണ്‌ വിവിധ ഉപയോഗങ്ങള്‍ക്കു പറ്റിയ ട്രാന്‍സ്ഫോര്‍മറുകള്‍ തയ്യാറാക്കുന്നത്‌.ഇന്‍പുട്ടിനേക്കാള്‍ ഉയര്‍ന്ന അളവിലുള്ള വൈദ്യുതി ഔട്ട്പുട്ട്‌ ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറാണ്‌ സ്റ്റെപ്‌-അപ്‌ ട്രാന്‍സ്ഫോര്‍മര്‍ എങ്കില്‍ ഇന്‍പുട്ടിനേക്കാള്‍ കുറഞ്ഞ അളവില്‍ ഔട്ട്പുട്ട്‌ നല്‍കുന്നത്‌ സ്റ്റെപ്‌-ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ആണ്‌ എന്നത്‌ ഓര്‍ത്തിരിക്കുക.മിക്ക പവര്‍സപ്ളെ ട്രാന്‍സ്ഫോര്‍മറുകള്‍ക്കും അയണ്‍-കോര്‍ ആണുള്ളത്‌.ട്രാന്‍സ്ഫോര്‍മറുകള്‍ ഇ.സി സപ്ളെയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ട്രാന്‍സ്ഫോര്‍മറിണ്റ്റെ പ്രവര്‍ത്തനത്തിനു പിന്നിലുള്ളത്‌ “മ്യൂച്വല്‍ ഇന്‍ഡക്ഷന്‍” തത്വം ആണെന്നത്‌ അറിയാമല്ലോ?

അപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ കൈവശം വന്നുചേര്‍ന്ന സാഹചര്യത്തില്‍ ഇനി നമുക്കൊരു വര്‍ക്ക്‌ ബെഞ്ച്‌ പവര്‍സപ്ളെ അസംബിള്‍ ചെയ്യാം.ട്രാന്‍സ്ഫോര്‍മര്‍ പ്രധാന ഘടകഭാഗമായ ഈ സര്‍ക്യൂട്ടിന്‌ പൊതുവായി ലഭ്യമായ ലൈന്‍ സപ്ളെയെ (ഇരുനൂറ്റി മുപ്പത്‌ വോള്‍ട്ട്‌ ഇ.സി) വിവിധാവശ്യങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന മട്ടില്‍ പൂജ്യം മുതല്‍ പതിനഞ്ച്‌ വോള്‍ട്ട്‌ വരെയുള്ള ഡി.സി. സപ്ളെയാക്കി പുറത്തേക്കു നല്‍കാനുള്ള കഴിവുണ്ട്‌. ഒട്ടേറേ ഘടകങ്ങളും ഒന്നിലധികം വിഭാഗങ്ങളും ഈ സര്‍ക്യൂട്ടിലുള്ളതിനാല്‍ ആദ്യം സര്‍ക്യൂട്ടിണ്റ്റെ ഇലക്ട്രിക്കല്‍ ബ്ളോക്ക്‌ ഡയഗ്രവും പിന്നാലെ യഥാര്‍ത്ഥ സ്കീമാറ്റിക്‌ ഡയഗ്രവും പഠിച്ച ശേഷം മാത്രം നിര്‍മ്മാണം തുടങ്ങുക.പ്രവര്‍ത്തനം ഉറപ്പുവരുത്തിയശേഷം ചെയ്തെടുത്ത സര്‍ക്യൂട്ടിനെ ഉചിതമായൊരു പെട്ടിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്‌ കൊള്ളാം.വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതകളെല്ലാം ഈ ഘട്ടത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മറക്കരുത്‌.

(വര്‍ക്ക്‌ ബെഞ്ച്‌ പവര്‍സപ്ളെയുടെ ഇലക്ട്രിക്കല്‍ ബ്ളോക്ക്‌ ഡയഗ്രം)

(വര്‍ക്ക്‌ ബെഞ്ച്‌ പവര്‍സപ്ളെയുടെ സ്കീമാറ്റിക്‌ ഡയഗ്രം)

ലളിതവും എന്നാല്‍ സാധാരണമായ ഇലക്ട്രോണിക്സ്‌ വിനോദങ്ങള്‍ക്ക്‌ പ്രയോജനപ്പേടുന്നതും ആയ ഒരു വര്‍ക്ക്‌ ബെഞ്ച്‌ പവര്‍സപ്ളെ തന്നെയാണിത്‌.സര്‍ക്യൂട്ടിലേക്ക്‌ ഇ.സി ഇന്‍പുട്ട്‌ നല്‍കിയശേഷം (ഈ സമയം ചുവന്ന എല്‍.ഇ.ഡി പ്രകാശിക്കണം) വേരിയബിള്‍ റെസിസ്റ്റര്‍ (പൊട്ടന്‍ഷ്യോമീറ്റര്‍) തിരിച്ച്‌ ഔട്ട്പുട്ടിലെ വോള്‍ട്ടേജിനെ അളവുകള്‍ മാറ്റാന്‍ സാധിക്കും.ഔട്ട്പുട്ടില്‍ കിട്ടുന്നത്‌ എത്ര വോള്‍ട്ട്‌ എന്നറിയിക്കാനാണ്‌ കൂട്ടത്തിലെ ഡിസി വോള്‍ട്ട്‌ മീറ്റര്‍ ശ്രമിക്കുന്നത്‌.വളരെ ശ്രദ്ധയോടെ തന്നെ ഘടകഭാഗങ്ങള്‍ യോജിപ്പിച്ച്‌ സര്‍ക്യൂട്ട്‌ നിര്‍മ്മിക്കാന്‍ ശ്രമിക്കുക.ട്രാന്‍സ്ഫോര്‍മര്‍,ഡയോഡുകള്‍,ട്രാന്‍സിസ്റ്റര്‍,കപ്പാസിറ്ററുകള്‍ ഇവയെല്ലാം നേരാംവണ്ണം ചേര്‍ത്തിട്ടില്ലെങ്കില്‍ സര്‍ക്യൂട്ട്‌ പ്രവര്‍ത്തിക്കുകയില്ലെന്നു മാത്രമല്ല,പല ഘടകങ്ങളും ഉപയോഗശൂന്യമായെന്നും വന്നേക്കാം.

ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ അസംബിള്‍ ചെയ്യുമ്പോഴും പിന്നീടവ പ്രവര്‍ത്തിപ്പിക്കുമ്പോഴും അല്ലെങ്കില്‍ തകരാറുകള്‍ മാറ്റാനൊരുങ്ങുമ്പോഴും ഒക്കെ അതിലെ വിവിധഭാഗങ്ങളിലുള്ള വോള്‍ട്ട്‌ നിലകള്‍ പരിശോധിക്കേണ്ട ആവശ്യം വരാറുണ്ട്‌.ഇതിനൊരു ചെറിയ വോള്‍ട്ട്‌ മീറ്റര്‍ മതിയെങ്കിലും നമുക്കതല്ല വേണ്ടത്‌.ഇ.സിയും ഡിസിയും വോള്‍ട്ടും കറണ്റ്റും റെസിസ്റ്റന്‍സും എല്ലാം പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന വോള്‍ട്ട്‌-ഓം-ആമ്പിയര്‍്‌ മീറ്റര്‍ എന്ന മള്‍ട്ടിമീറ്റര്‍ ആണ്‌ ഇലക്ട്രോണിക്സ്‌ പ്രിയര്‍ക്ക്‌ നല്ലത്‌.ഇതു കണക്കിലെടുത്ത്‌ ഇപ്പോള്‍ എവിടെയും ലഭിക്കുന്ന വിവിധതരം മള്‍ട്ടി മീറ്ററുകളെ നമുക്കൊന്ന്‌ നന്നായി പരിചയപ്പെടാം.കൂട്ടത്തില്‍ എപ്പോഴും നമുക്ക്‌ കൈകാര്യം ചെയ്യേണ്ടി വരുന്ന സോള്‍ഡറിംഗ്‌ അയണിനെപറ്റിയും മറ്റ്‌ പ്രധാന ഹാന്‍ഡ്‌ ടൂളുകളെപ്പറ്റിയും കൂടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.അതിനാല്‍ വരുന്ന അടുത്ത ഭാഗത്തില്‍ ഇലക്ട്രോണിക്സ്‌ ഹോബിയിസ്റ്റുകള്‍ക്കാവശ്യമായ ടെസ്റ്റ്‌ ഇന്‍സ്ട്രമണ്റ്റുകളെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌.

2 replies to this post
  1. Sir,
    u are a great person. Sorry for the comment in fb .I just shared my views>> please forgive>> I nee ur Help Please reply Sir>>>>>>>>>

Leave a Reply

eighteen + 7 =