Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 2. അനലോഗ്‌ ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും -2

അപ്പോള്‍ നമ്മള്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സുമായി ഒന്നു പരിചയപ്പെടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞല്ലോ?നാം ഒരു ഇലക്ട്രോണിക്‌ സര്‍ക്യൂട്ടിലേക്ക്‌ ഒരു വൈദ്യുത സിഗ്നലിനെ ഇന്‍പുട്ട്‌ ആയി നല്‍കിയാല്‍ ആ സിഗ്നലിനെ അതുപോലെ തുടര്‍ച്ചയായ രൂപത്തില്‍ ഔട്ട്പുട്ടിലൂടെ നല്‍കാന്‍ അനലോഗ്‌ സര്‍ക്യൂട്ടിന്‌ കഴിവുണ്ട്‌.

എന്നാല്‍ അതേ സിഗ്നലിനെ ഒരു ഡിജിറ്റല്‍ സര്‍ക്യൂട്ടിലേക്കാണ്‌ ഇന്‍പുട്ട്‌ ആയി നല്‍കുന്നതെങ്കില്‍ ആ സിഗ്നലിനെ വെറും രണ്ട്‌ അവസ്ഥകളിലേക്ക്‌ മാറ്റുന്ന പ്രവര്‍ത്തനമായിരിക്കും നാം കാണുന്നത്‌. ഇതാണ്‌ അനലോഗും ഡിജിറ്റലും ആയിട്ടുള്ള പ്രധാനവ്യത്യാസം എന്നത്‌ എപ്പോഴും ഓര്‍ക്കുക.


ഡിജിറ്റല്‍ സര്‍ക്യൂട്ടുകളിലെ പ്രധാനഘടകങ്ങളാണ്‌ ഗേറ്റുകള്‍ എന്ന ലോജിക്‌ ഗേറ്റുകള്‍. തത്വത്തില്‍ ഗേറ്റ്‌ എന്നാല്‍ ഒരിടത്തേക്കുള്ള പ്രവേശനത്തെ നിയന്ത്രിക്കുന്ന ഒന്നാണല്ലോ? ഇവിടെയും ഗേറ്റിണ്റ്റെ ജോലി അതുതന്നെയാണ്‌. നമുക്ക്‌ പരിചയമുള്ള ഗേറ്റുകളെല്ലാം തുറന്നിട്ടിരുന്നാല്‍ പ്രവേശനം സാധ്യമാകുകയും അടച്ചിട്ടിരുന്നാല്‍ വഴി അടയുകയും ചെയ്യുമെങ്കില്‍, ഡിജിറ്റല്‍ സര്‍ക്യൂട്ടിലെ ഗേറ്റുകള്‍ അവയിലൂടെയുള്ള പ്രവേശനത്തിന്‌ ചില നിയമങ്ങള്‍ കൂടി അനുസരിക്കണമെന്ന്‌ വാശി പിടിക്കുന്നുണ്ട്‌. അതിനാല്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ കാര്യം നടക്കുകയുള്ളൂ. ഇവിടെ ഡിജിറ്റല്‍ ഗേറ്റ്‌ എന്നാല്‍ ഒരു ഘടകഭാഗവും കടന്നുപോകാനുള്ളത്‌ ഡിജിറ്റല്‍ സിഗ്നലുകളും ആണെന്നത്‌ എടുത്തു പറയേണ്ടതില്ലല്ലോ?


ഈ ചിത്രത്തിലെ ഗേറ്റുകള്‍ ശ്രദ്ധിക്കു. ആദ്യചിത്രത്തിലെ ഗേറ്റ്‌ തുറന്നാല്‍ വീട്ടിലേക്കുള്ള വഴി ശരിയായിക്കഴിഞ്ഞു.രണ്ടാമത്തെ ചിത്രത്തില്‍ രണ്ട്‌ ഗേറ്റുകള്‍ ഉള്ളതില്‍ ഏത്‌ തുറന്നാലും ഇതേ അവസ്ഥ തന്നെയായിരിക്കും.എന്നാല്‍ മൂന്നാമത്തെ ചിതത്തിലോ? വീട്ടിലേക്കുള്ള വഴിയിലെത്തണമെങ്കില്‍ രണ്ട്‌ ഗേറ്റുകളും ഒന്നുപോലെ തുറക്കണം. ഇതുപോലുള്ള ചില വിചിത്ര സംഗതികളാണ്‌ ലോജിക്‌ ഗേറ്റുകളെ പരിചയപ്പെടുമ്പോള്‍ നാം കാണാന്‍ പോകുന്നത്‌! ഡിജിറ്റല്‍ ഇലക്ട്രോണിക്സ്‌ സര്‍ക്യൂട്ടുകളില്‍ ഓര്‍, ആന്‍ഡ്‌, നോര്‍, നാന്‍ഡ്‌, നോട്ട്‌ എന്നിങ്ങനെ പലതരം ലോജിക്‌ ഗേറ്റുകള്‍ കാണാറുണ്ട്‌. ഇവയില്‍ ഓരോ ഗേറ്റിനും അവയുടേതായ നിയമാവലി ഉള്ളതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ ആ നിയമങ്ങള്‍ അതേപടി അനുസരിക്കുകയേ തരമുള്ളൂ. ഒന്നുകില്‍ 1 , അല്ലെങ്കില്‍ 0 എന്നീ രണ്ടവസ്ഥകള്‍ മാത്രമുള്ള ഡിജിറ്റല്‍ സിഗ്നലുകളും വിവിധതരം ലോജിക്‌ ഗേറ്റുകളും തമ്മിലുള്ള ബന്ധമാണ്‌ അടുത്ത ഭാഗത്തില്‍ നമ്മള്‍ നന്നായി മനസിലാക്കാന്‍ പോകുന്നത്‌. ഇപ്പോള്‍ വിവിധ ലോജിക്‌ ഗേറ്റുകളെപ്പറ്റിയുള്ള ചിത്രസൂചനകളിലൂടെ ഒന്ന്‌ കണ്ണോടിച്ചോളൂ!

1 reply to this post

Leave a Reply

sixteen − 12 =