സ്റ്റാറ്റിക് വൈദ്യുതി – എന്ത്? എങ്ങനെ?
ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക് ചാര്‍ജ്ജ് ഡിസ്ചാര്‍ജ് ആകുമ്പോഴാണ് മിന്നല്‍ ഉണ്ടാകുന്നത്.
വസ്തുക്കള്‍ തമ്മില്‍ ഉരസി നമുക്ക് സ്റ്റാറ്റിക് വൈദ്യുതി നിര്‍മ്മിക്കാം. ഒരു വീര്‍പ്പിച്ച ബലൂണ്‍ തലയില്‍ കുറെ സമയം ഉരസിനോക്കൂ. തലമുടിയിലും ബലൂണിലും വിപരീത സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ ഉരസിയ ബലൂണ്‍ തലമുടിക്ക് അടുത്തു കൊണ്ടുവരുമ്പോള്‍ തലമുടിയും ബലൂണും പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.
തലയില്‍ നന്നായി ഉരസിയ ഒരു വീര്‍പ്പിച്ച ബലൂണ്‍ അടുത്തുള്ള ഭിത്തിയില്‍ വെച്ചുനോക്കുക. ബലൂണ്‍ ഭിത്തിയില്‍ തന്നെ ഇരിക്കുന്നു.
വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ ഇലക്ട്രോണുകള്‍ ഒന്നിന്റെ പ്രതലത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റപ്പെടുന്നു. അങ്ങനെ ഒന്നില്‍ നെഗറ്റീവ് ചാര്‍ജ്ജും മറ്റൊന്നില്‍ പോസിറ്റീവ് ചാര്‍ജ്ജും നിര്‍മ്മിക്കപ്പെടുന്നു.
ഷൂസ് ധരിച്ച് കാര്‍പ്പെറ്റിലൂടെ കുറെനേരം നടക്കുമ്പോള്‍, കാര്‍പ്പെറ്റിലെ ഇലക്ട്രോണുകള്‍ ഷൂസിലേക്കും തദ്വാരാ നമ്മുടെ ശരീരത്തിലേക്കും കടന്ന് മോശമല്ലാത്ത ഒരു നെഗറ്റീവ് ചാര്‍ജ്ജ് നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. മറ്റേതെങ്കിലും വസ്തുവിലേക്ക് സന്നിവേശിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ ചാര്‍ജ്ജ്, ലോഹ വാതില്‍പ്പിടിയിലോ മറ്റോ നാം സ്പര്‍ശിക്കുമ്പോള്‍ അതിലേക്ക് കടന്ന് ചെറിയ വൈദ്യുതഷോക്കാക്കി മാറ്റുന്നു.
സൂപ്പര്‍മാര്‍ക്കെറ്റുകളില്‍ ട്രോളി ഉന്തുമ്പോള്‍ ട്രോളിവീലും തറയും തമ്മില്‍ പ്രവര്‍ത്തിച്ചും കാറില്‍ സഞ്ചരിക്കുമ്പോള്‍ ശരീരവും സീറ്റും തമ്മില്‍ പ്രവര്‍ത്തിച്ചും സ്റ്റാറ്റിക് ചാര്‍ജ്ജ് സൃഷ്ടിക്കപ്പെടറുണ്ട്.
സ്റ്റാറ്റിക് ചാര്‍ജ്ജുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ദോഷം വിതച്ചേക്കാമെങ്കിലും ഉപകാരിയാകുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ട്. ഫോട്ടോകോപ്പി മെഷീനുകളും, ലേസര്‍ പ്രിന്ററുകളും അങ്ങനെ മറ്റു പലതരം യന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നത് സ്റ്റാറ്റിക് വൈദ്യുതിയെ ആധാരമാക്കിയാണ്.