Home ശാസ്ത്രം വൈദ്യുതി വീട്ടിലെ വൈദ്യുതി

കൂട്ടുകാരെ,
നമ്മുടെ വീടുകളില്‍ കാണുന്ന വൈദ്യുതി ഉപകരണങ്ങള്‍ എന്തൊക്കെയാണ്? ലൈറ്റുകൾ, ഫാനുകൾ, ടി വി , അങ്ങനെ കുറെ ഏറെ ഉണ്ട് അല്ലേ?

എങ്ങനെയാണു ഇവ പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ഓരോ ഉപകരണതിൻ‌‌റേയും സ്വിച്ച് ഓണ്‍ ചെയ്യുന്നു അല്ലേ? സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തിക്കാനും ഓഫ്‌ ചെയ്യുമ്പോള്‍ പ്രവര്‍ത്തനം നില്‍ക്കാനും എന്തെല്ലാം സജ്ജീകരണങ്ങളാണ് വീട്ടില്‍ ഉള്ളത്. നമുക്ക് വീട്ടിലെ വയറിങ്ങിനെ കുറിച്ച് ചെറുതായിഒന്ന് പരിചയപ്പെടാം.

ഓരോ ഉപകരണത്തിനും വൈദ്യുതി ബന്ധം ലഭിക്കുമ്പോഴാണ് അവ പ്രവര്‍ത്തിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ അല്ലേ? അതായത് നമ്മള്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ഉപകരണത്തിന് വൈദ്യുത ബന്ധം ലഭിക്കുകയും ഓഫ്‌ ചെയ്യുമ്പോള്‍ ആ ബന്ധം നഷ്ടമാകുകയും ചെയ്യുന്നു. കൂട്ടുകാര്‍ക്കു സ്വിച്ച് എന്താണെന്ന് മനസ്സിലായോ? വൈദ്യുത ബന്ധം ആവശ്യമുള്ളപ്പോള്‍ സ്ഥാപിക്കാനും അല്ലാത്തപ്പോള്‍ വേര്‍പെടുത്താനുമുള്ള സംവിധാനം അല്ലേ അത്? എങ്ങനെ ആണ് ഇത് സാധ്യമാകുന്നത് ? സ്വിച്ചിനുള്ളില്‍ ഒരറ്റത്ത് (സാധാരണ താഴ്ഭാഗത്ത്‌) വൈദ്യുതി എപ്പോഴും നല്‍കുന്നു. മറ്റേ അറ്റത്ത്‌ നിന്നും ഉപകരണത്തിലേക്ക് വയര്‍ വഴി ബന്ധപ്പെടുത്തി വെക്കുന്നു. ഇനി സ്വിച് ഓണ്‍ ചെയ്യുമ്പോള്‍ അതിലെ രണ്ടറ്റങ്ങള്‍ തമ്മില്‍ വൈദ്യുത ബന്ധം സാധ്യമാകുന്നു. (രണ്ടു അറ്റങ്ങളും തമ്മില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ ചെറിയ ലോഹ തകിട് സ്വിച്ചില്‍ പിടിപ്പിച്ചിട്ടുണ്ടാകും) അഥവാ വൈദ്യുതി ഉപകരണത്തില്‍ എത്തുന്നു. ഇനി ഓഫ്‌ ചെയ്യുമ്പോള്‍ ഈ ബന്ധം വേര്‍പെടുകയും വൈദ്യുതി ലഭിക്കാതാവുകയും ചെയ്യും.

ഇനി ഈ സ്വിച്ചിലേക്ക് എവിടെ നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. വീട്ടില്‍ നിങ്ങള്‍ മെയിന്‍ സ്വിച്ച് അല്ലെങ്കില്‍ DB അഥവാ Distribution Board കണ്ടിട്ടുണ്ടോ? അവിടെ നിന്നാണ് സ്വിച്ചിലേക്ക് വൈദ്യുതി ലഭിക്കുന്നത്. ഇതിനു വേണ്ടി എന്ത് ചെയ്തു എന്ന് നോക്കാം. പുറത്തുള്ള വൈദ്യുത കാലില്‍ നിന്ന് (അല്ലെങ്കില്‍ മണ്ണിനടിയിലൂടെ) വരുന്ന രണ്ടു വയറുകള്‍ ആണ് വീട്ടില്‍ വൈദ്യുതി എത്തിക്കുന്നത്. ആ വയറുകളില്‍ ഒന്നിനെ ഫേസ് എന്നും മറ്റേതിനെ ന്യുട്രല്‍ എന്നും വിളിക്കുന്നു. ഇതില്‍ ഫേസ് വയര്‍ ഒരു ഫ്യുസിലൂടെ (അധിക വൈദ്യുതി ഒഴുകിയാല്‍ വേര്‍പെടുന്ന ഒരു ഉപകരണം – ഇതിനുള്ളില്‍ ഒരു വണ്ണം കുറഞ്ഞ ചെമ്പു കമ്പി വെച്ചിട്ടുണ്ടാകും, ആ കമ്പിയിലൂടെ സാധ്യമായതില്‍ കൂടുതല്‍ വൈദ്യുതി ഒഴുകിയാല്‍ അത് ഉരുകി മുറിഞ്ഞു വൈദ്യുതി ബന്ധം നഷ്ടമാവും, ഈ ഫ്യുസ് ആവശ്യമുള്ളപ്പോള്‍ ഊരി എടുക്കാനും സാധിക്കും) യും ന്യുട്രല്‍ വയര്‍ നേരിട്ടും മീറ്ററില്‍ ബന്ധിപ്പിക്കുന്നു. മീറ്ററില്‍ നിന്നും മെയിന്‍ സ്വിച്ചിലേക്ക് വയര്‍ ബന്ധിപ്പിക്കുന്നു. മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ ഒരു പ്രധാന സ്വിച്ചും കുറെ വിതരണ ഫ്യുസുകളും ആണുള്ളത്.

[ഡിസ്‌ട്രിബ്യൂഷൻ ബോർഡ്]

പ്രധാന സ്വിച്ചില്‍ ഫ്യുസ് ഘടിപ്പിച്ചിട്ടുണ്ടാകും. പ്രധാന സ്വിച്ചിന്റെ ഒരറ്റത്ത് (ഇന്‍കമിംഗ് സൈഡ് ) മീറ്ററില്‍ നിന്നും മറ്റേ അറ്റത്ത്‌ (ഔട്ട്‌ ഗോഇന്ഗ് സൈഡ്) നിന്നും വിതരണ ഫ്യുസുകളിലെക്കും ഫെസ് വയര്‍ ബന്ധിപ്പിക്കുന്നു. പ്രധാന സ്വിച്ചിലെ ന്യുട്രല്‍ വയര്‍ (ഔട്ട്‌ ഗോഇന്ഗ് സൈഡില്‍ നിന്നും) മെയിന്‍ സ്വിചിലുള്ള ന്യുട്രല്‍ ബാറില്‍ ബന്ധിപ്പിക്കുന്നു.

ഇനി ഓരോ വിതരണ ഫ്യുസില്‍ നിന്നും സ്വിച്ചുകളിലേക്ക് വയര്‍ ബന്ധിപ്പിക്കുന്നു. ഉപകരണം പ്രവര്‍ത്തിക്കണമെങ്കില്‍ ന്യുട്രല്‍ വയര്‍ കൂടി ആവശ്യമാണ് അത് ന്യുട്രല്‍ ബാറില്‍ നിന്നും എടുക്കുന്നു. (ന്യുട്രല്‍ ബാര്‍ എന്നത് കുറെ വയറുകള്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു ചെമ്പു തകിട് ആണ്.) ഒരു ഫ്യുസില്‍ നിന്ന് തന്നെ കുറെ സ്വിച്ചുകള്‍ ഒന്നിന് ശേഷം ഒന്നായി ബന്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ ഉപകരണത്തിന്റെ വൈദ്യുത ഉപഭോഗം അനുസരിച്ച് ഇതിന്റെ എണ്ണത്തില്‍ മാറ്റം വരുത്തും. അത് പോലെ വയറിന്റെ വണ്ണവും വ്യത്യാസപ്പെടുത്തേണ്ടി വരും.

പുതിയ വീടുകളില്‍ ആണെങ്കില്‍ ഈ മെയിന്‍ സ്വിച്ച് ഇതില്‍ നിന്നും അല്പം വ്യതസ്തമായിരിക്കും. ഇപ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നത് DB അഥവാ Distribution Board -കള്‍ ആണ്. ഫ്യുസ് വെച്ച പ്രധാന സ്വിച്ചിനു പകരം ഐസൊലേറ്റര്‍ ‍(Isolator ) ഉം ELCB യും ആണുണ്ടാവുക. വിതരണ ഫ്യുസുകള്‍ക്ക് പകരം MCB -കള്‍ (Miniature Circuit Breaker )ഉണ്ടാകും. ഇവിടെ ഫെസ് വയറും ന്യുട്രല്‍ വയറും ഐസൊലേറ്ററിലും അവിടെ നിന്ന് ELCB – യിലും നല്‍കുന്നു. പിന്നീട് ന്യുട്രല്‍ വയര്‍ ന്യുട്രല്‍ ബാറില്‍ ബന്ധിപ്പിക്കുന്നു.

[എം.സി.ബി]

ഫെയ്‌സ് വയര്‍ പ്രത്യേകം വയര്‍ വഴിയോ അല്ലെങ്കില്‍ ചെമ്പു കമ്പി വഴിയോ എല്ലാ MCB യിലും ബന്ധിപ്പിക്കുന്നു. ഈ സംവിധാനത്തിന് പഴയതില്‍ നിന്നുള്ള മെച്ചം MCB അധിക വൈദ്യുതിയില്‍ ഓഫ്‌ (ട്രിപ്പ്‌) ആകുന്നതു കുറേകൂടി കൃത്യമായിരിക്കും, മാത്രമല്ല ഓഫ്‌ ആയാല്‍ തിരിച്ചു ഓണ്‍ ചെയ്യുന്നതും എളുപ്പമാണ്. ഫ്യുസ് കത്തിപ്പോയാല്‍ പിന്നീട് വേറെ വയര്‍ കെട്ടിയാലെ ഫ്യുസ് ഉപയോഗയോഗ്യമാകുകയുള്ളൂ.

മുമ്പ് പുറമേ രണ്ടു സംവിധാനത്തിലും എര്‍ത്ത്‌ വയര്‍ ബന്ധിപ്പിക്കെണ്ടതുണ്ട്. വീട്ടില്‍ മെയിന്‍ സ്വിച്ചിനു സമീപത്തായി നിലത്ത് കുഴിച്ചിട്ടിരിക്കുന്ന എര്‍ത്ത്‌ റോഡുമായി എല്ലാ ഉപകരണങ്ങളും ബന്ധിപ്പിക്കണം. ഇതിനായി ഓരോ ഉപകരണത്തില്‍ നിന്നും അവയിലേക്ക് ഫെയ്‌സ്, ന്യുട്രല്‍ വയറുകള്‍ എത്തിക്കുന്നതിനോടൊപ്പം എര്‍ത്ത്‌ വയറുകള്‍ കൂടി വലിക്കണം. എന്നിട്ട് മെയിന്‍ സ്വിച്ചില്‍ ഉള്ള (DB യില്‍ ) എര്‍ത്ത്‌ h ബാറില്‍ (ന്യുട്രല്‍ ബാര്‍ പോലെ തന്നെയാണ് എര്‍ത്ത്‌ ബാറും) ബന്ധിപ്പിക്കുന്നു. എര്‍ത്ത്‌ ബാറില്‍ നിന്നും എര്‍ത്ത്‌ റോഡില്‍ ബന്ധിപ്പിക്കുന്നു.

മുകളില്‍ വിവരിച്ചത് സിംഗിള്‍ ഫേസ്‌ വയറിങ്ങിനുള്ള രൂപമാണ്. ഇനി ത്രീ ഫേസ്‌ ആണെങ്കില്‍ വീട്ടില്‍ വരുന്നത് മൂന്ന് ഫേസും ന്യുട്രലും കൂടി നാല് വയറുകള്‍ ആയിരിക്കും. അത് പോലെ മെയിന്‍ സ്വിച്ചും DB യും എല്ലാം മാറ്റം വരും.

Leave a Reply

5 × 2 =