ഘടികാരവും സൂചികളും പിന്നെ കോണളവും!
സമയം ഒരു മണി അഞ്ച് മിനിട്ട്! ഇപ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മില്‍ ഉണ്ടാക്കുന്ന കോണളവ് എത്രയാണെന്നു പറയാമോ?
ഏയ്! അങ്ങനെയൊരു കോണു തന്നെയില്ലല്ലോ. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിനു മീതെ ഒന്നായി ഇരിക്കുകയല്ലേ എന്നു ചിന്തിക്കുന്നവരുമുണ്ടാകാം.
സമയം ഒരു മണിയാകുമ്പോള്‍, മണിക്കൂര്‍ സൂചി കൃത്യം ഒന്നിന് നേരേയായിരിക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ സമയം ഒരു മണി അഞ്ച് മിനിട്ടാകുമ്പോള്‍ മണിക്കൂര്‍ സൂചി (അഞ്ചു മിനിട്ടിനനുസരിച്ച്) കുറച്ചു കൂടി നീങ്ങിയിരിക്കും!
അപ്പോള്‍ നമ്മുടെ ചോദ്യം, മിനിട്ട് സൂചി അഞ്ച് മിനിട്ട് പിന്നിടുമ്പോള്‍ മണിക്കൂര്‍ സൂചി എത്ര ഡിഗ്രി തിരിയും എന്നാക്കി മാറ്റാം.
മിനിട്ട് സൂചി 60 മിനിറ്റ് പിന്നിടുമ്പോള്‍ മണിക്കൂര്‍ സൂചി 30ഡിഗ്രി തിരിയുന്നു. (കാരണം, അടുത്തടുത്ത ഓരോ അക്കങ്ങളും ഘടികാരത്തിന്റെ കേന്ദ്രത്തില്‍ 30 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു.)
അതായത് മിനിട്ട് സൂചി ഒരു മിനിട്ട് പിന്നിടുമ്പോള്‍ മണിക്കൂര്‍ സൂചി 0.5 ഡിഗ്രി (30/60) തിരിയുന്നു.
അതുകൊണ്ട് മിനിട്ട് സൂചി അഞ്ചു മിനിട്ട് പിന്നിടുമ്പോള്‍ മണിക്കൂറില്‍ 2.5 ഡിഗ്രി (5 x 0.5) തിരിയുന്നു എന്ന് കണക്കുകൂട്ടാം.
അപ്പോള്‍, സമയം ഒരു മണി അഞ്ചു മിനിട്ട് ആകുമ്പോള്‍ കോണളവ് 2.5 ഡിഗ്രി!