Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 8. ഡയോഡുകളുടെ ലോകം

അര്‍ധചാലക (സെമികണ്ടക്ടര്‍) ഡയോഡുകളാണ്‌ ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ളതെന്ന്‌ അറിയാമായിരിക്കുമല്ലോ?അടിസ്ഥാനപരമായി വൈദ്യുതിയുടെ ഒഴുക്കിനെ ഒരു വശത്തേക്കു മാത്രം അനുവദിക്കുന്ന ഡയോഡിന്‌ രണ്ട്‌ ടെര്‍മിനലുകളാണുള്ളത്‌.ആനോഡ്‌ (എ) എന്നും കാഥോഡ്‌ (കെ) എന്നും ആണിവ അറിയപ്പെടുന്നത്‌.ഒരു ഡയോഡിണ്റ്റെ ആനോഡ്‌ പോസിറ്റീവ്‌ ആയും കാഥോഡ്‌ നെഗറ്റീവ്‌ ആയും ഇരിക്കുന്ന അവസ്ഥയില്‍ അത്‌ ഫോര്‍വേഡ്‌ ബയാസ്‌ അവസ്ഥയിലാണെന്ന്‌ പറയാം.ഈ സമയം ആനോഡില്‍ നിന്നും കാഥോഡിലൂടെ വൈദ്യുത ഒഴുക്ക്‌ സംജാതമാകുന്നതിനാല്‍ ഡയോഡ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നറിയുക.നേരേ മറിച്ചുള്ള അവസ്ഥയാണെങ്കില്‍-അതായത്‌ റിവേഴ്സ്‌ ബയാസ്‌-ആണെങ്കില്‍ വൈദ്യുത ഒഴുക്ക്‌ തടസപ്പെടും.ഈ സമയം ഡയോഡിണ്റ്റെ ആനോഡ്‌ നെഗറ്റീവ്‌ ആയും കാഥോഡ്‌ പോസിറ്റീവ്‌ ആയും ഇരിക്കുന്നു.

ഡയോഡിണ്റ്റെ അടയാളവും ടെര്‍മിനലുകളും ആണ്‌ ഈ ചിത്രത്തില്‍ കാണുന്നത്‌.

രണ്ട്‌ ലീഡുകള്‍ അഥവാ ടെര്‍മിനലുകള്‍ ഉള്ള ഡയോഡിണ്റ്റെ പുറംകവചമെന്നത്‌ എപോക്സിയോ സ്ഫടികമോ ആയിരിക്കും.ഈ കവചത്തില്‍ത്തന്നെ ഡയോഡിണ്റ്റെ തനതായ നമ്പരും (പാര്‍ട്ട്‌ നമ്പര്‍) കാഥോഡ്‌ അഗ്രത്തെ സൂചിപ്പിക്കുന്ന അടയാളവും കാണാം.പൊതുവായി ഡയോഡുകള്‍ എ.സി സപ്ളെയെ ഡി.സി. സപ്ളെയാക്കുന്ന റെക്ടിഫിക്കേഷന്‍ ജോലിയ്ക്കായാണ്‌ ഉപയോഗിക്കാറുള്ളത്‌.എന്നാല്‍ വോള്‍ട്ടേജ്‌ നിലകള്‍ സന്തുലിതമാക്കാനുള്ള സെനര്‍ ഡയോഡുകളും,റേഡിയോതരംഗങ്ങളില്‍ നിന്ന്‌ ശബ്ദതരം ഗങ്ങളെ വേര്‍തിരിക്കാന്‍ വേണ്ടിയുള്ള ഡിറ്റക്ടര്‍ ഡയോഡുകളും ഒക്കെ ഉപയോഗത്തിലുണ്ട്‌.പ്രകാശം ജനിപ്പിക്കുന്ന ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌ (എല്‍.ഇ.ഡി) നമ്മള്‍ ഉപയോഗിച്ചുകഴിഞ്ഞു.ഇനി മറ്റൊരു തരം ഡയോഡായ ഫോട്ടോ ഡയോഡ്‌ എന്ന പ്രകാശത്തോട്‌ പ്രതികരിക്കുന്ന പ്രത്യേകതരം ഡയോഡ്‌ ഉണ്ടെന്നു കൂടി അറിയുക.സെനര്‍ ഡയോഡ്‌ – റെക്ടിഫയര്‍ ഡയോഡ്‌ – ഫോട്ടോ ഡയോഡ്‌ എന്നീ ക്രമത്തില്‍ ഡയോഡുകള്‍ ചിത്രത്തില്‍ക്കാണാം.

അപ്പോള്‍ നമുക്കിനി ഡയോഡുകള്‍ പ്രധാന ഘടകങ്ങളായുള്ള ഒരു സര്‍ക്യൂട്ട്‌ നോക്കാം.ഒരു ഫോട്ടോ ഡയോഡ്‌,ഒരു എല്‍.ഇ.ഡി,ഒരു ട്രാന്‍സിസ്റ്റര്‍,രണ്ട്‌ റെസിസ്റ്ററുകള്‍,ഒരു ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററി എന്നിവ ചേരുന്ന ഇതൊരു ലൈറ്റ്‌ ഡിറ്റക്ടര്‍ സര്‍ക്യൂട്ട്‌ ആണ്‌.സാധാരണരീതിയില്‍ ഇതിലെ ചുവന്ന എല്‍.ഇ ഡി പ്രകാശിക്കുകയില്ല.എന്നാല്‍ ഫോട്ടോ ഡയോഡിലേക്ക്‌ തീക്ഷ്ണവെളിച്ചം തട്ടിയാല്‍ ഉടന്‍ തന്നെ എല്‍.ഇ.ഡി പ്രകാശിക്കുകയും വെളിച്ചമില്ലാതായാല്‍ അണയുകയും ആണ്‌ ചെയ്യുന്നത്‌.ഇവിടെ ഫോട്ടോ ഡയോഡ്‌ തലതിരിച്ചാണ്‌ (കാഥോഡ്‌ പോസിറ്റീവ്‌ സപ്ളെയിലേക്ക്‌ ബന്ധിപ്പിച്ചിരിക്കുന്നു) ഘടിപ്പിച്ചിരിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധിക്കുക.ഇലക്ട്രോണിക്സ്‌ സ്പെയര്‍പാര്‍ട്ട്സ്‌ കടകളില്‍ കിട്ടുന്ന ഒട്ടുമിക്ക ഫോട്ടോഡയോഡുകളും ഇതിലുപയോഗിക്കാമെന്നതിനാല്‍ പ്രത്യേകിച്ചൊരു നമ്പര്‍ നല്‍കുന്നില്ല.

ഇനി സെനര്‍ ഡയോഡ്‌ എടുക്കാം. ഒരു വെള്ള എല്‍.ഇ.ഡി കത്താന്‍ മൂന്ന്‌ പോയിണ്റ്റ്‌ ആറ്‌ വോള്‍ട്ടാണ്‌ സാധാരണയായി ആവശ്യമുള്ളത്‌.അങ്ങനൊരു എല്‍.ഇ.ഡിയെ എങ്ങനെ ഒരു ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററിയില്‍ കൊടുത്ത്‌ പ്രവര്‍ത്തിപ്പിക്കാം?

അതിനൊരു കറണ്റ്റ്‌ ലിമിറ്റിംഗ്‌ റെസിസ്റ്റര്‍ മതിയല്ലോ എന്നു ചോദിച്ചാല്‍ അതേ എന്നാണുത്തരം.അത്തരം പരിപാടി സൂത്രവാക്യത്തിണ്റ്റെ സഹായത്തോടെ നാം ചെയ്തുനോക്കിയിട്ടുമുണ്ട്‌.എന്നാല്‍ കൃത്യമായ വോള്‍ട്ട്‌ നിലയിലും ഒപ്പം കറണ്റ്റളവിലും ഇത്‌ നടപ്പാക്കണമെങ്കില്‍ ഒരു റെസിസ്റ്ററും ഒരു സെനര്‍ ഡയോഡും സര്‍ക്യൂട്ടില്‍ ചേര്‍ത്താല്‍ നന്നായിരിക്കും. ഇവിടെ കറണ്റ്റളവ്‌ ശരിയാക്കാന്‍ ഒരു റെസിസ്റ്ററും,വോള്‍ട്ടളവ്‌ ശരിയാക്കാന്‍ ഒരു സെനര്‍ ഡയോഡും ചേര്‍ക്കുകയാണ്‌.സര്‍ക്യൂട്ട്‌ ശ്രദ്ധിക്കുക.മൂന്നേ പോയിണ്റ്റ്‌ ആറ്‌ വോള്‍ട്ട്‌/ഇരുപത്‌ മില്ലിയാമ്പിയര്‍ ആണ്‌ വെള്ള എല്‍.ഇ.ഡിയ്ക്കായി ആവശ്യമുള്ളത്‌.കൂട്ടത്തിലുള്ള ബാറ്ററിയില്‍ നിന്നും ഒന്‍പത്‌ വോള്‍ട്ടാണ്‌ പുറത്തേക്ക്‌ വരുന്നത്‌. ഈ കണക്കുകള്‍ വച്ച്‌ എങ്ങനെ ഘടകങ്ങളുടെ കാര്യം തീരുമാനിക്കും?

ഒന്‍പത്‌ – മൂന്നേ പോയിണ്റ്റ്‌ ആറ്‌ വോള്‍ട്ട്‌ /ഇരുപത്‌ മില്ലിയാമ്പിയര്‍ = ഇരുനൂറ്റി എഴുപത്‌ ഓം!

അങ്ങനെ റെസിസ്റ്ററിണ്റ്റെ കാര്യം ശരിയായി.ഇനിയുള്ളത്‌ വോള്‍ട്ടേജ്‌ നിലയാണ്‌.അതിനായി ഒരു മൂന്നേ പോയിണ്റ്റ്‌ ആറ്‌ വോള്‍ട്ടിണ്റ്റെ സെനര്‍ ഡയോഡ്‌ എടുത്ത്‌ റിവേഴ്സ്‌ ബയാസില്‍ ഘടിപ്പിച്ചാല്‍ മാത്രം മതി. എല്‍.ഇ.ഡിയുടെ ആനോഡിനും കാഥോഡിനും ഇടയ്ക്ക്‌ എപ്പോഴും ഒരേയളവില്‍ മൂന്നേ പോയിണ്റ്റ്‌ ആറ്‌ വോള്‍ട്ട്‌ തന്നെ കൃത്യമാക്കി നിര്‍ത്തുന്നത്‌ സെനര്‍ ഡയോഡിണ്റ്റെ ജോലിയാണ്‌.ഇതിനു പകരം (ഈ സര്‍ക്യൂട്ടിലല്ല) അഞ്ച്‌ വോള്‍ട്ട്‌ സെനര്‍ ആണെങ്കില്‍ വോള്‍ട്ട്‌ നില അഞ്ച്‌ ആയി നിലനില്‍ക്കും.പൊതുവായി നോക്കിയാല്‍ സെനര്‍ ഡയോഡിണ്റ്റെ പാര്‍ട്ട്‌ നമ്പര്‍ എന്നു പറയുന്നത്‌ അത്‌ കൈകാര്യം ചെയ്യുന്ന വോള്‍ട്ടളവ്‌ ആണെന്നു മനസിലാക്കാം.കുറഞ്ഞ കറണ്റ്റളവില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ടുകള്‍ മാത്രമേ ഈ രീതിയില്‍ സെനര്‍ ഡയോഡ്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എന്നത്‌ പ്രത്യേകം ഓര്‍ക്കുക. കറണ്റ്റളവ്‌ കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ ചില അധികസന്നാഹങ്ങള്‍ കൂടി ആവശ്യമുണ്ട്‌.അങ്ങനുള്ളൊരു വര്‍ക്ക്‌ ബെഞ്ച്‌ പവര്‍സപ്ളെയുടെ നിര്‍മ്മാണരീതിയാണ്‌ അടുത്ത ഭാഗത്തില്‍ നല്‍കാനുദ്ദേശിക്കുന്നത്‌.അപ്പോള്‍ നമുക്ക്‌ ട്രാന്‍സ്ഫോര്‍മര്‍ എന്ന സുഹൃത്തുമായും പരിചയപ്പെടാം.

Leave a Reply

five + thirteen =