Home കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പരമ്പര ഭാഗം 2 അധ്യായം 1. അനലോഗ്‌ ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും -1

ഇലക്ട്രോണിക്സും ആയി പരിചയപ്പെട്ടപ്പോള്‍ തുടക്കത്തില്‍ നമ്മള്‍ അടുത്തറിഞ്ഞത്‌ അനലോഗ്‌ ഇലക്ട്രോണിക്സ്‌ ആണ്‌. ഇനി നമുക്ക്‌ ഡിജിറ്റല്‍ ഇലക്ട്രോണിക്സിനെയാണ്‌ കണ്ടുമുട്ടാനുള്ളത്‌ എന്നു പറയുമ്പോള്‍ ഒരു ചോദ്യം സ്വാഭാവികമാണ്‌. എന്താണ്‌ അനലോഗ്‌ ഇലക്ട്രോണിക്സും ഡിജിറ്റല്‍ ഇലക്ട്രോണിക്സും ആയുള്ള വ്യത്യാസം?

 

നല്ലൊരു ചോദ്യമാണത്‌.ഒപ്പമുള്ള ചിത്രത്തില്‍ രണ്ട്‌ ക്ളോക്കുകള്‍ കണ്ടല്ലോ? ഇതില്‍ ആദ്യത്തേത്‌ അനലോഗ്‌ ക്ളോക്കും രണ്ടാമത്തേത്‌ ഡിജിറ്റല്‍ ക്ളോക്കും ആണ്‌. ഇവ രണ്ടും സമയം തന്നെയാണ്‌ കാട്ടിത്തരുന്നതെങ്കിലും രണ്ടിണ്റ്റെയും പ്രവര്‍ത്തനശൈലി സാങ്കേതികാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒന്നല്ല എന്നു മനസിലാകും. ഇതുതന്നെയാണ്‌ അനലോഗും ഡിജിറ്റലും ആയ ഇലക്ട്രോണിക്സിണ്റ്റെ കാര്യവും!

നാം ഒരു ഇലക്ട്രോണിക്‌ സര്‍ക്യൂട്ടിലേക്ക്‌ ഒരു വൈദ്യുത സിഗ്നലിനെ ഇന്‍പുട്ട്‌ ആയി ആയി നല്‍കുന്നു എന്നു കരുതുക. ഈ സിഗ്നലിനെ അതുപോലെ തുടര്‍ച്ചയായ രൂപത്തില്‍ ഔട്ട്പുട്ടിലൂടെ നല്‍കാന്‍ ആ സര്‍ക്യൂട്ടിന്‌ കഴിയണമെങ്കില്‍ അതൊരു അനലോഗ്‌ ഇലക്ട്രോണിക്സ്‌ സര്‍ക്യൂട്ട്‌ ആയിരിക്കും.അതായത്‌ അനലോഗ്‌ ഇലക്ട്രോണിക്സില്‍ വൈദ്യുതസിഗ്നലുകളെ തുടര്‍ച്ചയായാണ്‌ കൈകാര്യം ചെയ്യുന്നത്‌. എന്നാല്‍ ഇതേ സിഗ്നലിനെ ഒരു ഡിജിറ്റല്‍ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടിലേക്കാണ്‌ ഇന്‍പുട്ട്‌ ആയി നല്‍കുന്നതെങ്കില്‍ ആ സിഗ്നലിനെ വെറും രണ്ട്‌ അവസ്ഥകളിലേക്ക്‌ മാറ്റുന്ന പ്രവര്‍ത്തനമായിരിക്കും നടക്കപ്പെടുന്നത്‌. അതായത്‌ ഒന്നുകില്‍ ഓണ്‍ എന്ന അവസ്ഥ, അല്ലെങ്കില്‍ ഓഫ്‌ എന്ന അവസ്ഥ. ഇതില്‍ ഓണ്‍ അവസ്ഥയെ ഒന്ന്‌ (1) എന്ന അക്കവും ഓഫ്‌ എന്ന അവസ്ഥയെ പൂജ്യം (൦) എന്ന അക്കവും പ്രതിനിധീകരിക്കും. അതായത്‌ അനലോഗ്‌ ഇലക്ട്രോണിക്സില്‍ നിന്നും വ്യത്യസ്ഥമായി ഡിജിറ്റല്‍ ഇലക്ട്രോണിക്സില്‍ സിഗ്നലുകള്‍ രണ്ടേ രണ്ട്‌ അവസ്ഥകളില്‍ മാത്രമായിരിക്കും നിലനില്‍ക്കുന്നത്‌.നമുക്ക്‌ സുപരിചിതമായ ഇക്കാലത്തെ പല ഇലക്ട്രോണിക്‌ ഉപകരണങ്ങളും ഡിജിറ്റല്‍ ഇലക്ട്രോണിക്സിനെ ആശ്രയിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നമ്മുടെ കമ്പ്യൂട്ടര്‍ ഇതിനേറ്റവും നല്ല ഒരുദാഹരണമാണ്‌. അനലോഗ്‌ സിഗ്നലും ഡിജിറ്റല്‍ സിഗ്നലും അടുത്ത ചിത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്‌.

ഡിജിറ്റല്‍ ഇലക്ട്രോണിക്സില്‍ ഓണ്‍ അല്ലെങ്കില്‍ ഓഫ്‌ എന്നീ രണ്ട്‌ അവസ്ഥകള്‍ മാത്രമേയുള്ളെന്ന്‌ പറഞ്ഞല്ലോ? എന്നാല്‍ ഈ രണ്ട്‌ അവസ്ഥകള്‍ ഒന്നിലധികം അര്‍ത്ഥതലങ്ങളില്‍ പ്രയോഗത്തിലുണ്ട്‌. അതായത്‌ ഓണ്‍ എന്നാല്‍ ശരി എന്നും അല്ലെങ്കില്‍ അതേ എന്നും ഒന്ന്‌ (1) എന്നും വരാം. അതുപോലെ ഓഫ്‌ എന്നാല്‍ തെറ്റ്‌ എന്നും അല്ലെങ്കില്‍ അല്ല എന്നും പൂജ്യം (൦) എന്നും ആയേക്കാം. ഡിജിറ്റല്‍ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകളെല്ലാം അഞ്ച്‌ വോള്‍ട്ട്‌ (5 വോള്‍ട്ട്‌) ഡിസി സപ്ളെയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഓണ്‍ എന്നാല്‍ അഞ്ച്‌ വോള്‍ട്ട്‌ എന്നും ഓഫ്‌ എന്നാല്‍ പൂജ്യം വോള്‍ട്ട്‌ എന്നതും കൂടി അറിഞ്ഞിരിക്കണം

2 replies to this post

Leave a Reply to ഇലക്ട്രോണിക്സ് കേരളം Cancel reply

11 − 4 =