കുപ്പിക്കുള്ളിലെ മുട്ട
അന്തരീക്ഷമര്‍ദ്ദം വസ്തുക്കളില്‍ ചെലുത്തുന്ന പ്രഭാവം മനസ്സിലാക്കാനുള്ള ഒരു ചെറിയ പരീക്ഷണമായാലോ?
ആവശ്യമായ സാധനങള്‍
1.ഒരു മുട്ടയേക്കാള്‍ അല്പം ചെറിയ വായ ഇടുങ്ങിയ ഒരു കുപ്പി
2.ഒരു പുഴുങ്ങിയ മുട്ട
3.കടലാസ്
4.തീപ്പെട്ടി
ആദ്യമായി പുഴുങ്ങിയ മുട്ടയുടെ തോട് പൊട്ടിച്ച് വൃത്തിയാക്കി വെയ്ക്കുക. (കഴുകി വെച്ചാല്‍ മുട്ടയ്ക്ക് കുപ്പിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ എളുപ്പമായിരിക്കും).
ഇനി തീപ്പെട്ടി ഉരച്ച് കടലാസ് കത്തിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന കുപ്പിക്കുള്ളിലേക്ക് ഇടുക. ശേഷം മുട്ടയുടെ കൂര്‍ത്ത ഭാഗം താഴെ വരുന്ന രീതിയില്‍ അത് കുപ്പിയുടെ വായില്‍ വെക്കുക. കുറച്ച് സമയത്തിന് ശേഷം മുട്ട കുപ്പിക്കുള്ളിലേക്ക് ഇറങ്ങിപ്പോകുന്നത് കാണാം.
എന്താണ്സംഭവിച്ചത്? പേപ്പര്‍ കത്തുമ്പോള്‍ കുപ്പിക്കുള്ളിലെ വായു ചൂടു പിടിക്കുകയും വികസിക്കുകയും ചെയ്യുന്നു. അത് കുപ്പിയിലെ കുറച്ച് വായു പുറത്തേക്ക് പോകാന്‍ കാരണമാകുന്നു. തീ കെടുമ്പോള്‍ കുപ്പിക്കുള്ളിലെ വായു ചുരുങ്ങുകയും മര്‍ദ്ദം കുറയുകയും ചെയ്യുന്നു. കുപ്പിയുടെ വായില്‍ അടഞ്ഞിരിക്കുന്ന മുട്ട പുറത്തുള്ള വായുവിനെ അകത്തേക്ക് കടത്തി വിടുകയുമില്ല.
ഇപ്പോഴത്തെ അവസ്ഥയില്‍ കുപ്പിക്ക് പുറത്തെ അന്തരീക്ഷ മര്‍ദ്ദം കുപ്പിക്കുള്ളിലെ മര്‍ദ്ദത്തേക്കാള്‍ കൂടുതലാണ്. ഇത് മുട്ടയെ കുപ്പിക്കുള്ളിലേക്ക് തള്ളാന്‍ കാരണമാകുന്നു. അന്തരീക്ഷമര്‍ദ്ദം വസ്തുക്കളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലായല്ലോ!
ഇനി മുട്ടയെ എങ്ങനെ പുറത്ത് കൊണ്ടു വരും? ഇതിനായി കുപ്പിക്കുള്ളിലെ മര്‍ദ്ദം പുറത്തുള്ള അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ കൂടുതലാക്കണം. പേപ്പറിന്റെ വലിയ അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം കുപ്പി കമഴ്ത്തിപ്പിടിക്കുക. ഇനി കുപ്പിക്കുള്ളിലേക്ക് ഊതി നോക്കൂ. മുട്ട വെളിയിലേക്ക് ചാടും!