ചുവന്ന രക്താണുക്കള്‍ – എന്ത്? എങ്ങനെ? എന്തിന്?
എറിത്രോസൈറ്റ്സ് എന്ന പേരിലറിയപ്പെടുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിൽ ഏറ്റവും അധികമുള്ള കോശങ്ങൾ. അവയുടെ പ്രധാന ധർമ്മം ശ്വാസകോശങ്ങളിൽ നിന്ന് ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കലും കാർബൺഡയോൿസൈഡിനെ ശ്വാസകോശങ്ങളിലേക്ക് മടക്കി കൊണ്ടുപോകലുമാണ്.
പുരുഷൻമാരുടെ രക്തത്തിൽ ഏകദേശം 5 മില്യൻ ചുവന്ന രക്താണുക്കൾ കാണപ്പെടുമ്പോൾ സ്ത്രീകളിൽ അവയുടെ എണ്ണം ഏകദേശം നാലര മില്യനാണ്.
നട്ടെല്ല്, കശേരുക്കൾ തുടങ്ങിയവയിലെ മജ്ജയിലാണ് ചുവന്ന രക്താണുക്കൾ നിർമ്മിക്കപ്പെടുന്നത്. അകത്തേക്ക് പതുങ്ങിയ ഡിസ്കിന്റെ ആകൃതിയാണ് അവയ്ക്കുള്ളത്. പ്രോട്ടീനും കൊഴുപ്പും ചേർന്ന് നിർമ്മിതമായ ‘സ്ട്രോമ’ എന്ന പേരിലറിയപ്പെടുന്ന ചട്ടക്കൂടാണ് അവയ്ക്ക്. ചുവന്ന രക്താണുവിൽ കാണുന്ന ഏറ്റവും പ്രധാന രാസപദാർത്ഥമാണ് ഹീമൊഗ്ലോബിൻ. വാസ്തവത്തിൽ ഹീമോഗ്ലോബിനാണ് രക്തത്തിന് ചുവന്ന നിറം നൽകുന്നത്. ഹീമോഗ്ലോബിനിൽ ഇരുമ്പും ഗ്ലോബിൻ എന്നറിയപ്പെടുന്ന പ്രോട്ടീനുമാണുള്ളത്.
110 മുതൽ 120 ദിവസം വരെയാണ് ചുവന്നരക്താണുവിന്റെ ശരാശരി ആയുസ്സ്. ആയുസ്സ് തീർന്നവയെ വയറിലുള്ള പ്ലീഹ എന്ന അവയവം നശിപ്പിക്കുന്നു. നശിപ്പിക്കപ്പെട്ട ചുവന്ന രക്താണുക്കളിലുള്ള ഇരുമ്പിന്റെ അംശം ഇവിടെ നിന്ന് കരളിലേക്കും തുടർന്ന് ആത്യന്തികമായി പുതിയ രക്താണുക്കളുടെ നിർമ്മാണത്തിനായി അസ്ഥിമജ്ജയിലേക്കും മാറ്റപ്പെടുന്നു. ആരോഗ്യമുള്ള ഒരാളിൽ ഇത്തരം രക്താണുക്കൾ നശിക്കുന്ന മുറപ്രകാരം നിർമ്മിക്കപ്പെടുകയു ചെയ്യുന്നു.
Thank you sir,
you’s writings are very use full to us